Friday, January 29, 2010

സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍ ബന്ധിക്കപ്പെട്ടവര്‍


അന്‍പതു വര്‍ഷങ്ങള്‍ക്ക്മുന്‍പു മധ്യതിരുവതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിണ്റ്റെ കഥയാണിത്‌.അവരുടെ ജീവിത ശൈലികളും ജീവിത വീക്ഷണങ്ങളും നമ്മെ അത്ഭുതപ്പെടുത്തും.തീര്‍ച്ച. തലമുറകളായി കൈമാറി വന്ന ആ ജീവിതശൈലി നമുക്ക്‌ കൈമോശം വന്നത്‌ എന്നുമുതല്‍ക്കാണ്‌?.
                                   ചിന്തിക്കൂ.. അടുത്ത തലമുറക്ക്‌ പര്‍ന്നു കൊടുക്കാന്‍ ശ്രേഷ്ഠമായതെന്താണ്‌ നമുക്കള്ളത്‌?
  സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍   ബന്ധിക്കപ്പെട്ടവര്‍

 യാള്‍ അവളെ തണ്റ്റെ ജീവിതത്തിണ്റ്റെ തണലിലേക്ക്‌ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പതിനാറ്‌.'     അബ്രഹാമിനു സാറ' യെന്നപോലെ ദൈവം തനിക്കു തെരെഞ്ഞെടുത്തു തന്ന സഖിയെ അയാള്‍ ജീവനു തുല്യം സ്നേഹിച്ചു.     പുരുഷണ്റ്റെ സ്നേഹം ലഭിച്ചാല്‍ സ്ത്രീ മാലാഖയായി തീരുമെന്ന്‌ അവള്‍ തെളിയിച്ചു.
              
                                  പഠിപ്പോ,പണമോ വേണ്ടത്ര ഇല്ലാത്തവര്‍, പിതൃസ്വത്തായി കിട്ടിയ അരയേക്കര്‍ തരിശു ഭൂമി,ഒരു മൊട്ടക്കുന്ന്‌,അതിണ്റ്റെ നെറുകയില്‍ അവര്‍ ഒരു കുടില്‍ കെട്ടി..നിലാവു പൂത്തിറങ്ങുന്ന രാത്രികളില്‍ ആ കുടിലിണ്റ്റെ മുറ്റത്തിരുന്ന്‌ അവര്‍ സ്വപ്നങ്ങള്‍ നെയ്തു.കുടിലിണ്റ്റെ സ്ഥാനത്ത്‌ മനോഹരമായ ഒരു കൊച്ചു വീട്‌,അതില്‍ നിറയെ മക്കള്‍,പൊന്നുവിളയുന്ന മണ്ണ്‌.തീര്‍ന്നു അവരുടെ കൊച്ചുസ്വപ്നങ്ങള്‍.
                    
                         കാലം കുത്തിയൊഴുകി , ഒരുമലവെള്ളച്ചാട്ടം പോലെ .ആ കാലപ്രവാഹത്തില്‍ അവരുടെ കൊച്ചു കൊച്ചു മോഹങ്ങളും പൂവണിഞ്ഞു. മനോഹരവും ,വൃത്തിയുള്ളതുമായ ഒരു കൊച്ചു വീടും ,ഒന്‍പതുമക്കളേയും,കനാനന്‍ ദേശത്തിനു തുല്യമായ മണ്ണും,നല്‍കിയനുഗ്രഹിച്ച ദൈവത്തിനു അവര്‍ നന്ദി പറഞ്ഞു. മക്കളെല്ലാം പഠനത്തില്‍ സമര്‍ത്ഥര്‍.ഒഴിവുസമയങ്ങളില്‍ മുതിന്ന ആണ്‍ മക്കള്‍ പറമ്പിലിറങ്ങി അപ്പനെസഹായിച്ചും പെണ്‍ മക്കള്‍ അടുക്കളയില്‍ അമ്മയെ സഹായിച്ചും,ഇളയ സഹോദരങ്ങളെ പരിചരിച്ചും ജീവിച്ചു.അദ്ധ്വാനത്തിണ്റ്റെ വില അവര്‍ കണ്ടറിഞ്ഞു,കൊണ്ടറിഞ്ഞു. കന്നുകാലികാലികളും,ആടുമാടുകളും കുടുംബത്തിണ്റ്റെ ഭാഗമായതോടെ വരുമാനം വര്‍ദ്ധിച്ചു
                           പണികഴിഞ്ഞ്‌, ദൂരെ നിന്ന്‌ വരുന്ന അപ്പനെ കാണുമ്പോള്‍ ഉത്സാഹത്തോടെ അമ്മപറയും 'മക്കളെ അപ്പന്‍ വരുന്നുണ്ട്‌ '.എന്നിട്ട്‌ അതിവിശിഷ്ഠനായ ഒരഥിയുടെ ആഗമത്തിലെന്നപോലെ തെല്ലൊരു ഒരുക്കത്തോടെ കാത്തുനില്‍ക്കും.ആഹാരം വിളമ്പുമ്പോള്‍ ദിവ്യമായൊരനുഷ്ഠാനം പോലെ ആദ്യത്തെ ഒരു തവി ചോറ്‌ അപ്പണ്റ്റെ പാത്രത്തില്‍ വിളമ്പും.കുടുംബംനോക്കാനുള്ള അമ്മയുടെ 'പിടിപ്പിനെ'ക്കുറിച്ച്‌ അപ്പന്‍ അഭിമാനം കൊള്ളുന്നതും അഭിനന്ദിക്കുന്നതും മക്കള്‍ കണ്ടും കേട്ടും വളര്‍ന്നു . അവര്‍ പരസ്പരം നല്‍കുന്ന ഈ അംഗീകാരം മാതാപിതാക്കള്‍ കാണപ്പെടുന്ന ദൈവങ്ങളാണെന്ന ചിന്തയിലേക്ക്‌ മക്കളെ കൊണ്ടെത്തിച്ചു.കുടുംബകാര്യങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്നാലോചിച്ചു.ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു.തെറ്റുകള്‍ പരസ്പരം ചൂണ്ടിക്കാട്ടിയും ശരികള്‍ അംഗീകരിച്ചും ജീവിച്ചു അവരവര്‍ക്കുചെയ്യവുന്നകാര്യങ്ങള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ കൂട്ടായിട്ടും ചെയ്തു .അവിടെ പരാതിയില്ല,കുറ്റപ്പെടുത്തലുകളില്ല.
       പത്തു മാസം ചുമന്ന്‌ നൊന്തു പെറ്റതിണ്റ്റെ കണക്ക്‌ അമ്മ മക്കളോട്‌ പറഞ്ഞിട്ടില്ല.മുണ്ട്‌ മുറുക്കിയുടുത്ത്‌ മക്കളെ വളര്‍ത്തിയ കഥ അപ്പനും പറഞ്ഞില്ല. ആ കുടുംബത്തില്‍ എല്ലാവര്‍ക്കൂം ഒന്നു പോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭാഷ ഉണ്ടായിരുന്നു.സ്നേഹത്തിണ്റ്റെ ,ത്യാഗത്തിണ്റ്റെ, ഉത്സാഹത്തിണ്റ്റെ ഭാഷ.സ്നേഹത്തിണ്റ്റെ പൊന്നൂലിനാല്‍ അവര്‍ ബന്ധിതരായിരുന്നു. അത്‌ പൊട്ടിച്ചെറിയാന്‍ അവാരും ആഗ്രഹിച്ചതുമില്ല .ആ വീട്ടിലെ പെണ്‍ മക്കളെ ആരും പീഢിപ്പിച്ചില്ല,ആണ്‍ മക്കള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടതുമില്ല .ആരും അനീതിക്കെതിരെ ഇങ്ക്‌ ലാബ്‌ വിളിച്ച്‌ തെരുവിലൂടെ നടന്നില്ല.(എല്ലാവരും നീതിപൂര്‍വ്വം ജീവിച്ചാല്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട ആവശ്യമില്ലല്ലോ ?)
                          ആഗ്രാമത്തിലുള്ളവരെ സഹായിക്കാനും അവര്‍ മറന്നില്ല.സ്ത്രീകള്‍ അമ്മയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു"എണ്റ്റെ പ്രസവ സമയത്ത്‌ ഓടിയെത്താന്‍ ആ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു..എണ്റ്റെ മകളുടെ വിവാഹത്തിന്‌ അവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍............... ആ ഗ്രാമത്തിലെ ഏറ്റവും വലിയ വിദ്യാ സമ്പന്നരുടെ മാതാപിതാക്കളായി ,ആരോഗ്യത്തോട്‌ അയാള്‍ എണ്‍പത്തിയഞ്ച്ചും ,അവര്‍ തൊണ്ണൂറ്റിരണ്ടും വയസ്സു വരെ ജീവിച്ചു.
ഇന്ന്‌ സമ്പന്നതയുടെ ഉത്തുംഗശ്രിംഖത്തിലിരുന്ന്‌ പിന്നിലേക്കു നോക്കുമ്പോള്‍ ,ഓര്‍മ്മകളില്‍ കിഴക്കന്‍ മലകളെ തഴുകി വരുന്ന കുഞ്ഞിളം കാറ്റിന്‌ മണ്ണിണ്റ്റേയും വിയര്‍പ്പിണ്റ്റേയും ഗന്ധം. അത്‌ ,അവരുടെ ഒന്‍പതാമത്തെ മകളായി ജനിച്ചതിലുള്ള അഭിമാനത്തിലേക്കുംഒരിക്കലും തീരാത്ത ആനന്ദത്തിലേക്കും എന്നെകൂട്ടികൊണ്ടു പോകാറുണ്ട്‌.

No comments:

Post a Comment