Wednesday, April 29, 2009

ഹൃദയത്തിലെ സംഗീതം





                                മ്മാമ്മയോടൊത്തുള്ള ആ ഒരാഴ്ചത്തെ ജീവിതം അതുവരെയുണ്ടായിരുന്ന എണ്റ്റെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുകതന്നെ ചെയ്യ്തു. ഈ മഹാനഗരത്തില്‍നിന്നും മനോഹരമായ ആ കൊച്ചു ഗ്രാമത്തില്‍ ഞാനെത്തുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. സന്ധ്യാപ്രര്‍ഥനക്കുള്ള ഒരുക്കത്തിലായിരുന്നു,അമ്മാമ്മയപ്പോള്‍.ഭിത്തിയില്‍ നിരന്നിരുന്ന വിശുദ്ധന്‍മാരുടെയിടയിലിരുന്ന്‌ അപ്പാപ്പന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. മുറിയില്‍ കത്തിയെരിയുന്ന മെഴുകുതിരി. എങ്ങും ഒരു ദേവാലയത്തിണ്റ്റെ പവിത്രത.
                      പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ അമ്മാമ്മയെക്കുറിച്ചു മാത്രമായിരുന്നു.വിദേശത്തേക്കു ചേക്കേറിയ തണ്റ്റെ ഏഴുമക്കളെക്കുറിച്ചും അഭിമാനം കൊള്ളുന്ന അമ്മാമ്മക്ക്‌,ആരോടും പരാതിയോ പരിഭവമോയില്ല.മൂന്നരവര്‍ഷം മുന്‍പു വരെ അപ്പാപ്പന്‍ കൂട്ടിനുണ്ടായിരുന്നു.
                        
                                പാതിതുറന്നിട്ട ജന്നാലയിലൂടെ പുറത്തേക്കുനോക്കി കിടന്നു ഞാന്‍.ഇരുളിലൂടൊഴുകിയെത്തുന്ന കാറ്റിന്‌ പാലപ്പൂവിണ്റ്റെ സുഗന്ധം എവിടെ നിന്നോ ചീവിടുകളുടെ സംഗീതം. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.
                    മുറ്റത്ത്‌ പക്ഷികളുടെ ചിറകടിശബ്ദം കേട്ടാണ്‌ രാവിലെ ഉണര്‍ന്നത്‌.പവിത്രമായ ഒരനുഷ്ഠാനം പോലെ, കൂട്ടത്തോടെ പറന്നു വന്ന പ്രാവുകള്‍ക്ക്‌ ഗോതമ്പുമണികള്‍ നല്‍കുന്ന തിരക്കിലായിരുന്നു അമ്മാമ്മയപ്പോള്‍.സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന ആത്മാക്കളെയെന്ന പോലെ അമ്മാമ്മ അവയെ ബഹുമാനത്തേടെ നോക്കി നിന്നു.. അതില്‍ അപ്പാപ്പണ്റ്റെ ആത്മാവിനെ തിരയുന്നതിനിടയിലാണ്‌ ഞാനാകാഴ്ച കണ്ടത്‌അമ്മാമ്മയെ മുട്ടിയുരുമ്മി നില്‍ക്കുന്ന അമ്മുവും അവളുടെ മക്കളും.സുന്ദരി പൂച്ചക്കുട്ടികള്‍!എന്താ അമ്മു രാവിലെ വിശക്കുന്നോ?" എന്നിട്ട്‌ എന്നോടായി പറഞ്ഞു"പെറ്റ വയറല്ലേ ,വിശക്കുന്നുണ്ടാകും"അമ്മാമ്മ അടുക്കളയിലെക്കു നടക്കുമ്പോള്‍ മുറ്റത്തിണ്റ്റെ പടിഞ്ഞാറെ കോണില്‍നിന്നൊരു ദയനീയ ശബ്ദം.-ടിറ്റു -വളര്‍ത്തു നായ. അമ്മാമ്മ അവനെ നോക്കി പുഞ്ചിരിച്ചു.മുറ്റത്തെ തൈമാവിനോടും ,തൊടിയിലെ മുണ്ടന്‍പ്ളാവിനോടും കിന്നാരം പറഞ്ഞ്‌ സന്തോഷത്തോടെ,ഉത്സാഹത്തോടെ ഓടിനടക്കുന്ന അമ്മാമ്മയെ അത്ഭുതത്തോട്‌ നോക്കിക്കാണുകയായിരുന്നു ഞാന്‍ .
            പൂക്കളും പക്ഷികളും,മൃഗങ്ങളുമൊക്കെ ചേരുന്ന ഈ കൂട്ടായ്മ നല്‍കുന്ന ആനന്ദം,,പോയ കാലത്തിണ്റ്റെ മധുരമുള്ള ഓര്‍മ്മകള്‍,,ചിട്ടയായ ജീവിതരീതികള്‍ ഇതൊക്കെതന്നെയാണ്‌ അമ്മാമ്മയെ സന്തോഷവതിയാക്കുന്നത്‌. 

                           .മുറ്റത്തെ ചെത്തിയില്‍, നിറയെ കടും ചുവപ്പു നിറത്തിലുള്ള പൂക്കള്‍ .അവയുടെ ചില്ലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളികള്‍ സൂര്യണ്റ്റെ മഞ്ഞപ്രകാശത്തില്‍ വെട്ടിത്തിളങ്ങി.മെല്ലെ മെല്ലെ എണ്റ്റെ മനസ്സിലും ആഹാദത്തിണ്റ്റെ പൊന്‍ കിരണങ്ങള്‍ പടരാന്‍ തുടങ്ങി..ആ ദിവസം എന്നിലെ ആന്തരീകാഹ്ളാദത്തെ ആദ്യമായി ഞാന്‍ കണ്ടെത്തി.
                   നാം എവിടെയായിരുന്നാലും ചുറ്റുപാടുകളെന്തൊക്കെയായാലും അതിനിടയിലും ജീവിതം എങ്ങനെ മനോഹരമാക്കാമെന്ന്‌ ഞാന്‍ പഠിച്ചു കഴിഞ്ഞു..ജീവിതം നമുക്കു തരുന്ന നല്ല കാര്യങ്ങള്‍ ആസ്വദിക്കാന്‍ പഠിച്ചാല്‍ നമ്മിലുള്ള ഏകാന്തതേയും വേദനകളേയും നമ്മില്‍നിന്നകറ്റാന്‍ കഴിയും.. യഥാര്‍തഥത്തില്‍ ആന്തരീകമായി നാം എപ്പോഴും ഏകാന്തതയും ദുഃഖവും അനുഭവിക്കുന്നവരല്ലേ ?
         ഈ മഹാനഗരത്തിയപ്പോഴും മനസ്സില്‍ സംഗീതത്തിണ്റ്റെ അലയടികള്‍.ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എണ്റ്റെള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ സന്തോഷത്തിന്‌ കഴിയും തെളിഞ്ഞ നീലാകാശവും എണ്റ്റെ മൂന്നില്‍ കാണുന്ന  ഇളം വെയിലുമൊക്കെതരുന്ന ഈ സൌന്ദര്യം, ഈ സമാധാനം എണ്റ്റെ മനസ്സിലെ അസുഖകരമായ ചിന്തകളെ ഇല്ലാതാക്കും. ദുഃഖങ്ങള്‍ക്ക്‌ എണ്റ്റെ മനസ്സില്‍ ഇനിയും സ്ഥാനമില്ല. ഞാനുറപ്പിച്ചു കഴിഞ്ഞു

Wednesday, April 22, 2009

സ്നേഹത്തിന്റെ ചില അടയാളങ്ങള്‍


പോയകാലത്തിണ്റ്റെ വളഞ്ഞുനീണ്ടവഴിത്താരകള്‍ താണ്ടി ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ,ഒരിക്കല്‍ കൂടി അവരുടെ ബല്യത്തിലേക്കെത്തിച്ചത്‌,പുസ്തകത്താളില്‍ കോറിയിട്ടിരുന്ന ഏതാനും ചില വരികളാണ്‌. തിമിരം കയറിത്തുടങ്ങിയ കണ്ണുകള്‍ കൊണ്ട്‌ അവര്‍ വീണ്ടും വീണ്ടും ആ വരികള്‍ വായിച്ചു.

"ജീവിതത്തില്‍ സ്നേഹത്തിണ്റ്റെ ചില അടയാളങ്ങള്‍ക്ക്‌ നമ്മള്‍ കരുതുന്നതിനെക്കാള്‍കരുത്തുണ്ട്‌.തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയ കാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌. .ഒരു വാക്കിനും ഒരു തലോടലിനും ഒരു ചെറിയ സമ്മാനത്തിനുമൊക്കെ ഒരാളുടെജീവിതത്തില്‍ പകരാനാകുന്ന ഊര്‍ജ്ജം എത്ര വലുതാണ്‌.ഉറ്റവര്‍ നല്‍കുന്ന ഇത്തരം ചില കരുതലുകളല്ലേ ജീവിതത്തിലെ ചില പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക്‌ ബലം തരുന്നത്‌'

ഓര്‍മ്മകളുടെ പച്ചിപ്പിലേക്ക്‌ ആഴ്ന്നിറങ്ങിയ ടീച്ചര്‍ അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പ്രഭാതത്തിലേക്കാണ്‌ എത്തിച്ചേര്‍ന്നത്‌.. അവിടെ ഒരപ്പനും എട്ടുവയസ്സായ മകളും മാത്രം .മരച്ചീനി വിളയുന്ന നാട്‌, മദ്ധ്യതിരുവിതാകൂര്‍- ആദ്യത്തെ മഴയില്‍ കുതിര്‍ന്ന മണ്ണ്‌- കോഴികൂവുന്നതിനു മുന്‍പ്‌ പറമ്പിലേക്കിറങ്ങിയ അപ്പന്‌ 'ബെഡ്കോഫി'യുമായി പോകുകയാണവള്‍. മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന താഴ്‌വാരം. കുന്നിന്‍ മുകളില്‍ നിന്നും താഴേക്കിറങ്ങുന്ന അവള്‍ മണ്ണിനോട്‌ മല്ലിടുന്ന അപ്പനെ അങ്ങു ദൂരെ കണ്ടു. ചുറ്റും പക്ഷികളുടെ പ്രാര്‍ത്ഥനാഗാനം

"മനമേ പക്ഷിഗണങ്ങളിതാ പാടുന്നു ഗീതങ്ങള്‍

മനമേ നീയുമുണര്‍ന്നിട്ടേശു പരനേ പാടി സ്തുതിക്ക. "

അമ്മ അതിരാവിലെ പാടുന്ന പാട്ടിണ്റ്റെ ഈരടികള്‍ പാടിക്കൊണ്ട്‌ അപ്പനെ ലക്ഷ്യമാക്കി അവള്‍ കുന്നിറങ്ങുകയാണ്‌"മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോള്‍ അവള്‍ക്ക്‌ സങ്കടം വന്നുപോയി. മക്കള്‍ക്ക്‌ വയറുനിറയെ ആഹാരം നല്‍കാന്‍ പാടുപെടുകയാണവര്‍ .

ആവി പറക്കുന്ന കോപ്പയില്‍ നിന്നുയരുന്ന സുഗന്ധം ആവോളം ആസ്വദിച്ച്‌, അതിണ്റ്റെ ചൂടിലേക്ക്‌ ആശ്വാസത്തോടെ ഇറങ്ങിച്ചെല്ലാന്‍ അപ്പന്‍ ശ്രമിക്കുമ്പോള്‍ അവള്‍ വെളുത്ത അടിയുടുപ്പ്‌ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ വേരിളകി കിടന്നിരുന്ന പുല്ല്‌ ശ്രദ്ധയോടെ പെറുക്കിയെടുത്ത്‌ കുടഞ്ഞ്‌ ഒരു വശത്തേയ്ക്ക്മാറ്റിയിട്ടു. പിന്നെ അമ്മ ചെയ്യാറുള്ളതുപോലെ മരച്ചീനിത്തണ്ട്‌ ഒരേ അകലത്തില്‍ മുള മുകളിലേക്ക്‌ വരത്തക്ക വിധം നാട്ടാന്‍ തുടങ്ങി. അപ്പോഴേക്കും സൂര്യണ്റ്റെ മഞ്ഞപ്രകാശം പുകമഞ്ഞുപടലങ്ങളെ തഴുകി നീക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഉദയസൂര്യണ്റ്റെ കിരണങ്ങളേറ്റുചുവന്ന മുത്തോടെ അവള്‍ അപ്പനെ നോക്കി. ആകണ്ണുകളില്‍ സന്തോഷത്തിണ്റ്റെ തിളക്കം. അപ്പന്‍ അവളെ കെട്ടിപ്പിടിച്ചുകൊണ്ട്‌ അവളുടെ ചെവിയില്‍ മന്ത്രിച്ചു. ";എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള. "ഒരുള്‍പുളകത്തോടെ അവളുടെ കൊച്ചുമനസ്സ്‌ ആ സ്നേഹമന്ത്രം സ്വീകരിച്ച്‌ ഹൃദയത്തിണ്റ്റെ കോണില്‍ സൂക്ഷിച്ചുവച്ചു.പിന്നീടുള്ള ജീവിതയാത്രയില്‍ തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ എത്രയോ തവണ ആ മന്ത്രം അവള്‍ ഉരുവിട്ട്‌ മനസ്സിനെ ബലപ്പെടുത്തിയിരിക്കുന്നു ,എത്രയോ തവണ തണ്റ്റെ ശിഷ്യഗണങ്ങള്‍ക്ക്‌ ഈമന്ത്രം ഒതിക്കൊടുത്ത് അവരെആത്മവിശ്വാസത്തിണ്റ്റെതേരിലേറ്റി ജീവിതവിജയത്തിലെത്തിക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട്‌.

"എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള്‌" അന്നു രാത്രി അപ്പന്‍ അമ്മയോട്‌ പറയുന്നത്‌ അവള്‍ കേട്ടു . "പിന്നേയ്‌ നിണ്റ്റെ മോള്‌ നിന്നെപ്പോലെ തന്നെ ബഹു കേമിയ, പണിയെടുക്കാന്‍ നല്ല പ്രാപ്തിയാ,അപ്പോള്‍ അമ്മ പറഞ്ഞു "വടക്കേതിലെ അമ്മിണിടീച്ചര്‍ പറയുന്നതു കേട്ടു. അവള്‍ പഠിക്കാനും മിടുക്കിയണെന്ന്‌. തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു അപ്പോളവള്‍.ചന്ദ്രനോട്‌ ചേര്‍ന്നുനില്‍ക്കുന്ന ധ്രുവനക്ഷത്രത്തിന്‌ അന്ന്‌ പതിവിലേറെ തിളക്കം. അത്‌ അവളെ നോക്കി കണ്ണുചിമ്മിച്ചിരിച്ചു. അവള്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

അറുപതു വര്‍ഷങ്ങള്‍ ഒരു മലവെള്ളച്ചാട്ടം പോലെ തണ്റ്റെ മുന്നിലൂടെ കടന്നു പോയി.. മനുഷ്യണ്റ്റെ ജീവിതരീതിയിലും ചിന്താഗതിയി ലും എത്രയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ?ടീച്ചര്‍ തണ്റ്റെ ചിന്തകള്‍അല്‍പ്പനേരം ഒരു നെടുവീര്‍പ്പിലൊതുക്കി നിര്‍ത്തി. .

എന്നിട്ട്‌ അത്ഭുതത്തോടെ ഓര്‍ത്തു . സ്നേഹത്തിണ്റ്റെ സുഗന്ധം ജീവിതത്തിലുടനീളം സഹജീവികളിലേക്ക്‌ചൊരിയണമെങ്കില്‍ബാല്യത്തില്‍ തന്നെ അംഗീകാരവും, അഭിനന്ദനവും കുഞ്ഞുങ്ങള്‍ക്ക്‌നല്‍കണമെന്ന വലിയ മന: ശാസ്ത്രം തണ്റ്റെ മാതാപിതാക്കള്‍ക്ക്‌ ആരാണ്‌ പഠിപ്പിച്ചു കൊടുത്തത് ?മക്കളുടെ കൊച്ചു കൊച്ചു നേട്ടങ്ങളില്‍ പോലും അഭിമാനിക്കുന്നവര്‍, ഒരു പക്ഷെ അവര്‍ക്ക്‌ പരമ്പരാഗതമായി കിട്ടിയ സമ്പത്തായിരിക്കാം. ഇങ്ങനെ തലമുറകളായി പകര്‍ന്നുകിട്ടിയ ആശയാദര്‍ശങ്ങളും, പെരുമാറ്റ രീതികളും,ജീവിതശൈലികളും എങ്ങനെ ,എവിടെവച്ചാണുനമുക്കുനഷപ്പെട്ടത്‌?

ഓര്‍മ്മകളുടെ പൂന്തോപ്പില്‍നിന്നൂം ഉയര്‍ന്നുവന്ന ഒരിളംതെന്നല്‍ എഴുപതിനോടടുത്ത കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ഏഴുവയസ്സുകരിയാക്കി മാറ്റി . തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയകാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌

Sunday, March 8, 2009

'എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക'

ധ്യ കേരളത്തിലെപ്രശസ്തമായ ആ ആസ്പത്രിയില്‍ ഞാനെത്തിയപ്പോള്‍ സമയം നാലുമണി കഴിഞ്ഞിരുന്നു. "സിസ്റ്റര്‍, ഫ.തോമസ്‌ പത്തിപ്പറമ്പില്‍ കിടക്കുന്ന മുറി ഒന്നു കാണിച്ചു തരുമോ?" ഞാന്‍ ആദ്യം കണ്ട നേഴ്സിനോടു ചോദിച്ചു. അവര്‍ ആര്‍ വാര്‍ഡിലെ 608)o മുറി എനിക്കു കാണിച്ചു തന്നു .ഞാന്‍ മുറിയിലേക്ക്‌ കയറുമ്പോള്‍ അദ്ദേഹം സഹോദരങ്ങളായ ഞങ്ങളുടെയൊക്കെ പേരുകള്‍ ആവര്‍ത്തിച്ചുവിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇത്രയും സ്നേഹം ആ മനസ്സില്‍ ഞങ്ങള്‍ക്കായി കരുതിയിരുന്നുഎന്ന്‌ അപ്പോള്‍ മാത്രമാണു ഞങ്ങള്‍ അറിഞ്ഞത്‌.ആ അറിവ്‌ ചുറ്റും കൂടിനിന്നിരുന്ന സഹോദരിമാരായ ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു.വൈദീകവിദ്യാര്‍ഥികളുടെ പരിശീലനത്തിനായി ഉഴിഞ്ഞുവച്ച ജീവിതം,സഭയുടെ വളര്‍ച്ച,അതിലൂടെ സഭ മക്കളുടെ ഉയര്‍ച്ച ഈലക്ഷ്ത്തിലൂടെയുള്ള യാത്രയില്‍ കുടുംബബന്ധങ്ങളില്‍ ഒരുപരിധിവരെഅകലം സൂക്ഷിച്ചിരുന്നു അദ്ദേഹം അതുകൊണ്ടുതന്നെ ഒരുതരംഭയഭക്തിബഹുമാനങ്ങളോടെയാണ്‌ ഞങ്ങള്‍അദ്ദേഹത്തിന്നരികില്‍നിന്നിരുന്നത്‌. മരിച്ചുപോയ തണ്റ്റെമാതാപിതാക്കളെ ഗുരുക്കന്‍മാരായ സഖറിയാസച്ചന്‍,ഔറേലിയനച്ചന്‍,പിതാക്കന്‍മാരായ കാവുകാട്ടുതിരുമേനി,മാര്‍ഈവാനിയോസ്‌,അത്താനിയോസിയോസ്‌,ഇവരെയൊക്കെവിളിച്ച്അവരുടെ പ്രാര്‍ത്ഥനസഹായംതേടുന്നതുകേട്ടപ്പോള്‍,ഉരുണ്ടുകൂടിയകാര്‍മേഘങ്ങള്‍്‌മഴത്തുള്ളികളായിതാഴേക്കുപതിക്കുന്നതുപോലെഅടക്കിനിര്‍ത്തിയിരുന്നഞ്ഞങ്ങളുടെദൂഃംകണ്ണീരായിതാഴേക്കൊഴുകി .
"എണ്റ്റെ അച്ചായന്‍,എണ്റ്റെ ജീവിത മാതൃക-സിമ്പിള്‍ ലൈഫ്‌' അദ്ദേഹംപറഞ്ഞുകൊണ്ടേയിരുന്നു 'ഞങ്ങള്‍ ചന്തയില്‍ പോയി.ഒരുപാട്‌ സാധനങ്ങള്‍ വാങ്ങി..എല്ലാം പാവങ്ങള്‍ക്കുവിതരണംചെയ്യ്തു'ബോധമനസ്സിനുമപ്പുറംഉപബോധമനസ്സിണ്റ്റെആഴത്തിലേക്ക്‌ഊളിയിട്ടിറങ്ങിച്ചെന്ന്ഭൂതകാലത്തിണ്റ്റെസുകരമായപാതയിലൂടെസഞ്ചരിക്കകയാണിപ്പോള്‍അദ്ദേഹംൃ പാവപ്പെട്ടവരെ സഹായിക്കുക എന്നത്‌ അദ്ദേഹത്തിണ്റ്റെ ജീവിതദൌത്യംതന്നെയായിരുന്നല്ലൊ എന്നു ഞങ്ങള്‍ ഓര്‍ത്തു..വിശ്വാസികളോട്‌ സുവിശേഷം ഓതുന്നതിനു മുന്‍പ്‌ അവണ്റ്റെ വിശപ്പടക്കണമെന്നും,വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നും അദ്ദേഹത്തിനു നിര്‍ബ്ബന്ധം ഉണ്ടായിരുന്നു.നന്‍മയുടെ നാളങ്ങള്‍ തണ്റ്റെ ഹൃദയത്തില്‍ കൊളുത്തിവച്ച സ്വന്തം പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിയിരുന്നു"എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക' ആ വാക്കുകള്‍ ഒപ്പിയെടുത്ത്‌, വേദനിക്കുന്ന മനസ്സുമായി ഞാന്‍ പുറത്തേക്കിറങ്ങി.സന്ദര്‍ശകര്‍ ധാരാളമായി മുറിയിലേക്കു വന്നുകൊണ്ടേയിരുന്നു. ആശുപത്രിവളപ്പിലെ മനോഹരമായ ദേവാലയത്തിലെ ശാന്തയില്‍ വെറുതെയിരുന്നു ഞാന്‍.. .മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.ദേവാലയത്തിനുവെളിയിലിറങ്ങി, പിന്നിലേക്ക്‌ നടന്നു.ആരുടേയൊ കരവിരുതില്‍ തീര്‍ത്ത മനോഹരമായ പൂന്തോട്ടം,അതിനു താഴെ റസ്റ്റോറണ്റ്റ്‌,ദൂരെ, താഴ്‌വാരത്തിനുമപ്പുറം നഗരം. ഉയര്‍ന്നുനില്‍ക്കുന്ന സൌധങ്ങള്‍ക്കുമുകളില്‍ അവസാനത്തെ വെയില്‍ക്കീറുകള്‍ പൂമ്പാറ്റച്ചിറകുകള്‍പോലെ പാറി നടക്കുന്നു.
ഓര്‍മ്മയുടെ പച്ചിപ്പിലേക്ക്‌ ആഴ്ന്നിറങ്ങൂമ്പോള്‍ അവിടെ ഒരപ്പനും അമ്മയും ഒന്‍പതു മക്കളും,-സ്നേഹത്തിണ്റ്റെ നിറക്കൂട്ടുകള്‍ ചാലിച്ച്‌ ജീവിതത്തിനു വര്‍ണ്ണങ്ങള്‍ നല്‍കാന്‍ അന്യോന്യം ശ്രമിച്ചവര്‍- തിരുകുടുംബത്തിണ്റ്റെമധ്യസ്ഥനായ യൌസേപ്പിതാവിനെപ്പോലെ നിശഃബ്ധവും,ലളിതവും അദ്ധ്വാനപൂര്‍ണ്ണവും,സ്നേഹനിര്‍ഭരവും പ്രാര്‍ത്ഥനാനിരതവുമായ ഒരുജീവിതശൈലി സ്വായത്തമാക്കി ജീവിച്ച ഞങ്ങളുടെ അച്ചായന്‍.കരുണയുടെ നിറകുടമായ അമ്മ. "എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക, സിമ്പിള്‍ ലൈഫ്‌" എണ്റ്റെ മനസ്സ്‌ മന്ത്രിച്ചു. പത്തിപ്പറമ്പിലെ തോമസ്സച്ചണ്റ്റെ ജിവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി തീര്‍ച്ചയായും സ്വന്തം പിതാവുതന്നെയായിരുന്നു. പദവിക്കോ ,പ്രശസ്തിക്കോവേണ്ടി ദാഹിക്കാത്ത മനസ്സ്‌,ലളിതജീവിതം,ശാന്ത സ്വഭാവം ഇതെല്ലാം പിതാവില്‍നിന്നും സ്വായത്തമാക്കിയ സുക്യതങ്ങളാണ്‌.


മലങ്കരസഭയും അച്ചായനും തമ്മിലുള്ള ബന്ധം ഒരു ചലച്ചിത്രത്തിലെന്നപോലെ മനസ്സില്‍ തെളിയുകയാണ്‍്‌.മലങ്കരസഭപുനരൈക്യത്തിണ്റ്റെ ആദ്യകാലം.അയിരൂറ്‍ ലൂര്‍ദ്ദാശ്രമത്തിലെ വൈദീകരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവര്‍ നല്‍കിയ പുസ്തകങ്ങളുടെ നിരന്തര പഠനത്തിലൂടെയും ,ശ്ളൈഹീകവും,സാര്‍വ്വത്രികവും ഏകവും വിശുദ്ധവുമായസഭ കത്തോലീക്ക സഭ മാത്രമാണെന്ന്‌ മനസ്സിലാക്കിയ അച്ചായന്‍ 1931 ല്‍ മാര്‍ ഈവാനിയോസ്സ്‌ പിതാവിണ്റ്റെ പ്രസംഗം കേള്‍ക്കാനിടയായി..പ്രസംഗം കഴിഞ്ഞപ്പോള്‍ സഭയില്‍ ചേരാനുള്ള തണ്റ്റെ ആഗ്രഹം പിതാവിനെ അറിയിച്ചു. "മകനെ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടനെ ചേര്‍ന്നുകൊള്ളു.'അച്ചായന്‍ ഒരു നിമിഷംഒന്നു ചിന്തിച്ചു,വീട്ടുകാരിയോടാലോചിക്കാതെ താന്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലല്ലൊ?എന്തു ചെയ്യണം?മറ്റോന്നും ചിന്തിക്കാന്‍ നില്‍ക്കാതെ അപ്പോള്‍തന്നെ സഭയില്‍ ചേര്‍ന്നു. ആ വര്‍ഷം, തന്നെ ഡിസംബറില്‍ ജനിച്ച മകനു തോമസ്സ്‌ എന്നു പേരിട്ടു. ഓര്‍ത്തഡോക്സ്‌ സഭാവിശ്വാസികളുടെ എതിര്‍പ്പുകളെ വകവയ്ക്കതെ കത്തോലിക്ക സഭയില്‍ തന്നെ മാമ്മോദ്ദീസ മുക്കി. അന്നു രാത്രി ,മിത്രങ്ങളായി നിന്നിരുന്നവര്‍ ശത്രുക്കളായി വന്ന്‌ വീടാക്രമിച്ചെങ്കിലും,അവരെല്ലാം അധികം താമസ്സിക്കാതെ പുനരൈക്യക്കൂട്ടായ്മയിലേക്ക്‌ ചേക്കേറി വീണ്ടും മിത്രങ്ങളായി തീര്‍ന്നു.
സഭയുടെ ആത്മീകമായ വളര്‍ച്ച മാത്രമല്ല, സാമ്പത്തീക വളര്‍ച്ചയും തണ്റ്റെ മകനിലൂടെ തന്നെ സാധ്യമാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു രംഗം മനസ്സില്‍ തെളിയുന്നു പത്തുവര്‍ഷത്തെ ഉപരിപഠനത്തിനുശേഷം റോമില്‍നിന്നും നാട്ടിലെത്തിയ പത്തിപ്പറമ്പിലെ തോമസച്ചനു തേക്കുങ്കല്‍ ഇടവകക്കാരുടെ വക സ്വീകരണം.സ്വീകരണത്തിനുശേഷം വീട്ടിലെത്തിയ മൂത്തമകനെ അഭിമാനത്തോടെ നോക്കിനില്‍ക്കുന്ന മാതാപിതാക്കള്‍,അവരുടെപിന്നില്‍ നിന്ന്‌ കൌതുകത്തോടെ സഹോദരനെ നോക്കുന്ന സഹോദരങ്ങള്‍.അമ്മയുടെ മറവില്‍ നിന്ന്‌ പിഞ്ചിക്കീറിത്തുടങ്ങിയ ഉടുപ്പ്‌ കൈ കൊണ്ടുമറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോള്‍.. തലേ ദിവസം രാത്രി അച്ചായന്‍ ഞങ്ങളെല്ലവരോടുമായി പറഞ്ഞു"നമ്മുടെ ബുദ്ധിമുട്ടുകളൊന്നും അച്ചന്‍ അറിയണ്ട,അദ്ദേഹം സഭക്കുവേണ്ടി നിയോഗിക്കപ്പെട്ടവനാ".അന്ന്‌ എനിക്ക്‌ അതിണ്റ്റെ അര്‍ത്ഥം ഒട്ടും മനസ്സിലായില്ല.പക്ഷേ ഇന്ന്‌ അതൊക്കെ ഓര്‍ക്കുമ്പോള്‍ കണ്ണുകളും, മനസ്സും നിറഞ്ഞു തുളുമ്പുന്നു.
മക്കളില്‍ നിന്നുപോലും ഒന്നും ആഗ്രഹിക്കാതെ പരാതിയോ പരിഭവമോ ഇല്ലാതെ,ദൈവത്തിണ്റ്റെ പദ്ധതികളോടു പൂര്‍ണ്ണമായി സഹകരിച്ചുജീവിച്ച നമ്മുടെ മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ ആരാലും അറിയപ്പെടാതെ കടന്നു പോയ വിശുദ്ധരായിരുന്നില്ലേ?ദൈവതിരുമനസ്സിനു വിധേയരായി ജീവിക്കുക എന്നതാണ്‍ നമ്മുടെ ആത്യന്തികമായ ലക്ഷ്യവും കടമയുമെന്ന്‌ സ്വന്തം ജീവിതത്തിലുടെ അവര്‍ നമ്മേ കാണിച്ചു തന്നു..കുടുംബ ജീവിതത്തിലെ മുള്‍ച്ചെടികളെപ്പോലും പനിനീര്‍പുഷ്പ്പങ്ങളാക്കി ശ്രമിച്ചവര്‍.
സമൂഹത്തിനുവേണ്ടി സഭക്കുവേണ്ടി എണ്റ്റെ രണ്ടു മക്കളെ നല്‍കിയിട്ടുണ്ടെന്നു പറയുമ്പോള്‍ അച്ചായണ്റ്റെ മുഖം അഭിമാനം കൊണ്ടു തെളിയുന്നതു കാണാമായിരുന്നു.അദ്ദേഹം നല്‍കിയ ആത്മീകചൈതന്യം ഉള്‍ക്കൊണ്ട്‌ ഇന്ന്‌ മക്കളും, കൊച്ചു മക്കളും, കൊച്ചു മക്കളുടെ മക്കളുമായി പത്തിലധികം പേരെ കുടൂംബത്തില്‍ നിന്നും സഭാസേവനത്തിനായി ദൈവം തെരെഞ്ഞെടുത്തിരിക്കുകയാണ്‌.സന്യാസത്തിലൂടെയല്ലാതെ കുടൂംബജീവിതത്തോടെപ്പം സഭയെ ആത്മാര്‍ത്ഥമായിസേവിച്ചുകൊണ്ടിരിക്കുന്നഒരാളുണ്ട്‌,- രോഗശയ്യില്‍കിടക്കുന്ന തോമസച്ചനെ നിശഃബ്ദമായി ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിണ്റ്റെ സഹോദരി. ,
മാര്‍ ഈവാനിയോസ്സിണ്റ്റെ, 'സന്യാസത്തോളമെത്തുന്ന' ആത്മീകദര്‍ശനവും ലാളിത്യവും നേരിട്ട്‌ സ്വീകരിച്ച്‌ അത്‌ മക്കളിലൂടെ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച നമ്മുടെ മാതാപിതാക്കള്‍ സഭാവളര്‍ച്ചയിലെ ചവിട്ടുപടികളായിരുന്നില്ലേ?
സഭാചരിത്രത്തിണ്റ്റെ താളൂകളില്‍ ഒരിക്കല്‍പ്പോലും പേരു വരാന്‍ സാധ്യതയില്ലാത്ത എത്രയോ 'അച്ചായന്‍മാര്‍' നമുക്കു മാതൃകയായി ജീവിച്ച്‌ നമുക്കുമുന്‍പേകടന്നുപോയി. സഭാതലത്തിലുംകുടുംബജീവിതത്തിലുംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നഎല്ലാപ്രശ്നങ്ങള്‍ക്കും ഒരു പ്രധാനകാരണം,ധാര്‍മ്മിക വിഷയങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടത്ര പരിശീലനം നല്‍കാന്‍ നമുക്കു കഴിയാത്തതാണ്‍്ം.. മക്കളുടെ സാന്തോഷത്തിനു വേണ്ടി നാം മുടക്കുന്ന ലക്ഷങ്ങള്‍, നിദാന്തമായ ശാന്തിയും ആനന്ദവും അവര്‍ക്ക്‌ നല്‍കുന്നുണ്ടോയെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ അടുത്തതലമുറയിലേക്ക്‌ കൈമാറ്റംചെയ്യാന്‍നിയോഗിക്കപ്പെട്ടവരായ നാം അതില്‍ പരാജയപ്പെട്ടിട്ടില്ലേ?
ദേവാലയത്തില്‍ സന്ധ്യാമണി മുഴങ്ങി.ചുറ്റും ഇരുള്‍ വ്യാപിച്ചു തുടങ്ങയിരിക്കുന്നു.മാവിന്‍ കൊമ്പിലിരുന്ന്‌ അതുവരെ കലപില കൂട്ടിയിരുന്ന കാക്കകള്‍ കൂട്ടിലേക്ക്‌ ചേക്കേറി.ഞാന്‍ മുറിയിലേക്കുമടങ്ങി. സന്ദര്‍ശകരെല്ലാം പോയികഴിഞ്ഞിരുന്നു എണ്റ്റെ ചേച്ചിമാര്‍ 51 )ം സങ്കീര്‍ത്തനം ഉറക്കെ ചൊല്ലുന്നു. ഞാന്‍ അച്ചനെത്തന്നെ നോക്കി നിന്നു..അപ്പോഴും .ആ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു "എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക-സിമ്പിള്‍ ലൈഫ്‌. "