Wednesday, April 29, 2009

ഹൃദയത്തിലെ സംഗീതം





                                മ്മാമ്മയോടൊത്തുള്ള ആ ഒരാഴ്ചത്തെ ജീവിതം അതുവരെയുണ്ടായിരുന്ന എണ്റ്റെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുകതന്നെ ചെയ്യ്തു. ഈ മഹാനഗരത്തില്‍നിന്നും മനോഹരമായ ആ കൊച്ചു ഗ്രാമത്തില്‍ ഞാനെത്തുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. സന്ധ്യാപ്രര്‍ഥനക്കുള്ള ഒരുക്കത്തിലായിരുന്നു,അമ്മാമ്മയപ്പോള്‍.ഭിത്തിയില്‍ നിരന്നിരുന്ന വിശുദ്ധന്‍മാരുടെയിടയിലിരുന്ന്‌ അപ്പാപ്പന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. മുറിയില്‍ കത്തിയെരിയുന്ന മെഴുകുതിരി. എങ്ങും ഒരു ദേവാലയത്തിണ്റ്റെ പവിത്രത.
                      പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ അമ്മാമ്മയെക്കുറിച്ചു മാത്രമായിരുന്നു.വിദേശത്തേക്കു ചേക്കേറിയ തണ്റ്റെ ഏഴുമക്കളെക്കുറിച്ചും അഭിമാനം കൊള്ളുന്ന അമ്മാമ്മക്ക്‌,ആരോടും പരാതിയോ പരിഭവമോയില്ല.മൂന്നരവര്‍ഷം മുന്‍പു വരെ അപ്പാപ്പന്‍ കൂട്ടിനുണ്ടായിരുന്നു.
                        
                                പാതിതുറന്നിട്ട ജന്നാലയിലൂടെ പുറത്തേക്കുനോക്കി കിടന്നു ഞാന്‍.ഇരുളിലൂടൊഴുകിയെത്തുന്ന കാറ്റിന്‌ പാലപ്പൂവിണ്റ്റെ സുഗന്ധം എവിടെ നിന്നോ ചീവിടുകളുടെ സംഗീതം. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.
                    മുറ്റത്ത്‌ പക്ഷികളുടെ ചിറകടിശബ്ദം കേട്ടാണ്‌ രാവിലെ ഉണര്‍ന്നത്‌.പവിത്രമായ ഒരനുഷ്ഠാനം പോലെ, കൂട്ടത്തോടെ പറന്നു വന്ന പ്രാവുകള്‍ക്ക്‌ ഗോതമ്പുമണികള്‍ നല്‍കുന്ന തിരക്കിലായിരുന്നു അമ്മാമ്മയപ്പോള്‍.സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന ആത്മാക്കളെയെന്ന പോലെ അമ്മാമ്മ അവയെ ബഹുമാനത്തേടെ നോക്കി നിന്നു.. അതില്‍ അപ്പാപ്പണ്റ്റെ ആത്മാവിനെ തിരയുന്നതിനിടയിലാണ്‌ ഞാനാകാഴ്ച കണ്ടത്‌അമ്മാമ്മയെ മുട്ടിയുരുമ്മി നില്‍ക്കുന്ന അമ്മുവും അവളുടെ മക്കളും.സുന്ദരി പൂച്ചക്കുട്ടികള്‍!എന്താ അമ്മു രാവിലെ വിശക്കുന്നോ?" എന്നിട്ട്‌ എന്നോടായി പറഞ്ഞു"പെറ്റ വയറല്ലേ ,വിശക്കുന്നുണ്ടാകും"അമ്മാമ്മ അടുക്കളയിലെക്കു നടക്കുമ്പോള്‍ മുറ്റത്തിണ്റ്റെ പടിഞ്ഞാറെ കോണില്‍നിന്നൊരു ദയനീയ ശബ്ദം.-ടിറ്റു -വളര്‍ത്തു നായ. അമ്മാമ്മ അവനെ നോക്കി പുഞ്ചിരിച്ചു.മുറ്റത്തെ തൈമാവിനോടും ,തൊടിയിലെ മുണ്ടന്‍പ്ളാവിനോടും കിന്നാരം പറഞ്ഞ്‌ സന്തോഷത്തോടെ,ഉത്സാഹത്തോടെ ഓടിനടക്കുന്ന അമ്മാമ്മയെ അത്ഭുതത്തോട്‌ നോക്കിക്കാണുകയായിരുന്നു ഞാന്‍ .
            പൂക്കളും പക്ഷികളും,മൃഗങ്ങളുമൊക്കെ ചേരുന്ന ഈ കൂട്ടായ്മ നല്‍കുന്ന ആനന്ദം,,പോയ കാലത്തിണ്റ്റെ മധുരമുള്ള ഓര്‍മ്മകള്‍,,ചിട്ടയായ ജീവിതരീതികള്‍ ഇതൊക്കെതന്നെയാണ്‌ അമ്മാമ്മയെ സന്തോഷവതിയാക്കുന്നത്‌. 

                           .മുറ്റത്തെ ചെത്തിയില്‍, നിറയെ കടും ചുവപ്പു നിറത്തിലുള്ള പൂക്കള്‍ .അവയുടെ ചില്ലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളികള്‍ സൂര്യണ്റ്റെ മഞ്ഞപ്രകാശത്തില്‍ വെട്ടിത്തിളങ്ങി.മെല്ലെ മെല്ലെ എണ്റ്റെ മനസ്സിലും ആഹാദത്തിണ്റ്റെ പൊന്‍ കിരണങ്ങള്‍ പടരാന്‍ തുടങ്ങി..ആ ദിവസം എന്നിലെ ആന്തരീകാഹ്ളാദത്തെ ആദ്യമായി ഞാന്‍ കണ്ടെത്തി.
                   നാം എവിടെയായിരുന്നാലും ചുറ്റുപാടുകളെന്തൊക്കെയായാലും അതിനിടയിലും ജീവിതം എങ്ങനെ മനോഹരമാക്കാമെന്ന്‌ ഞാന്‍ പഠിച്ചു കഴിഞ്ഞു..ജീവിതം നമുക്കു തരുന്ന നല്ല കാര്യങ്ങള്‍ ആസ്വദിക്കാന്‍ പഠിച്ചാല്‍ നമ്മിലുള്ള ഏകാന്തതേയും വേദനകളേയും നമ്മില്‍നിന്നകറ്റാന്‍ കഴിയും.. യഥാര്‍തഥത്തില്‍ ആന്തരീകമായി നാം എപ്പോഴും ഏകാന്തതയും ദുഃഖവും അനുഭവിക്കുന്നവരല്ലേ ?
         ഈ മഹാനഗരത്തിയപ്പോഴും മനസ്സില്‍ സംഗീതത്തിണ്റ്റെ അലയടികള്‍.ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എണ്റ്റെള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ സന്തോഷത്തിന്‌ കഴിയും തെളിഞ്ഞ നീലാകാശവും എണ്റ്റെ മൂന്നില്‍ കാണുന്ന  ഇളം വെയിലുമൊക്കെതരുന്ന ഈ സൌന്ദര്യം, ഈ സമാധാനം എണ്റ്റെ മനസ്സിലെ അസുഖകരമായ ചിന്തകളെ ഇല്ലാതാക്കും. ദുഃഖങ്ങള്‍ക്ക്‌ എണ്റ്റെ മനസ്സില്‍ ഇനിയും സ്ഥാനമില്ല. ഞാനുറപ്പിച്ചു കഴിഞ്ഞു