Thursday, October 23, 2014

അമ്മ ഒരു ഓർമ്മ

ഓരോ സ്ത്രീയുടേയും മരണം നിശബ്ദമായ സഹനത്തിന്റെ വളരെ നീണ്ട  ഒരുചരിത്രം യാതൊരടയാളവും ബാക്കി വയ്ക്കാതെ  കാലത്തിൽ വിലയം പ്രാപിക്കലാണെന്ന് പണ്ടെങ്ങോ വായിച്ചതായി ഓർക്കുന്നു .ത്യാഗത്തിന്റെയും കരുണയുടേയും   സ്നേഹത്തിന്റേയും   ആകെ  തുകയായിരുന്ന    എന്റെ അമ്മയുടെ ജീവിതവും മറിച്ചായിരുന്നില്ല.
                  അമ്മ മരിച്ചിട്ട്‌  പന്ത്രണ്ടു വർഷം കഴിയുന്ന ഇന്ന് വേദനിക്കുന്ന കുറെ ഓർമ്മകൾ അദൃശമായ ഒരു ചിറകുപോലെ എന്നെ പൊതിയുന്നതായി ഞാൻ അറിയുന്നു.ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന വേദന പലപ്പോഴും കണ്ണുകളെഈറനണിയിച്ചുകൊണ്ടേയിരിക്കുന്നു.അമ്മ ജീവിച്ചിരുന്ന കാലത്ത്‌ അമ്മക്കായി ഒന്നും ചെയ്യാൻ സാധിച്ചില്ലല്ലോ എന്നുള്ള വലിയ സങ്കടക്കടലാണ്‌ എന്റെ ഉള്ളിൽ ഇപ്പോൾ അലയടിക്കുന്നത്‌.
             എന്റെ വിവാഹത്തിനു തൊട്ടു  മുൻപു വരെ  എല്ലാ പെൺകുട്ടികളേയും പോലെ തന്നെ അമ്മയുടെ സ്വന്തമായിരുന്നു ഞാൻ.   ശാസിച്ചും ,ശിക്ഷിച്ചും സ്നേഹിച്ചും വളർത്തി.  വിവാഹശേഷം എന്റെ കുടുംബജീവിതത്തിലേക്ക്‌ ഒരിക്കൽ പോലും ക്ഷണിക്കാത്ത ഒരഥിയായി അമ്മ കടന്നു വന്നിട്ടില്ല.അധികാരപരിധിക്കുള്ളിൽ നിർത്താനോ സ്നേഹം പിടിച്ചു വാങ്ങാനോ ശ്രമിച്ചിട്ടില്ലയെന്നു മാത്രമല്ല,സ്നേഹവും കുരുണയും നന്മയും   നിറഞ്ഞ ഒരു    ജീവിതം  നയിക്കാനുള്ള നിരന്തര ഓർമ്മപ്പെടുത്തലുമായി  എന്നെന്നും നില കൊണ്ടു.സാമ്പത്തികമായും അല്ലാതെയും സഹായിച്ചുകൊണ്ടിരുന്ന അമ്മയുടെ സ്നേഹത്തിന്റെ ആഴം അന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല    .

                     കാലം തകർത്താത്ത കരുത്തോടെ ഓർമ്മകളുടെ തിരകൾ മനസ്സിൽ അലയടിക്കുന്നു.
               ഒരിക്കൽ ഇതുപോലൊരു  ഒക്ടോബർ ,-ജപമാലമാസം   .
  ഒരു അനുസരണക്കേടിൽനിന്നുണ്ടായ  കുറ്റബോധത്താൽ കരഞ്ഞുകൊണ്ടു ഞാൻ ജപമാല  ചൊല്ലികൊണ്ടിരുന്ന അമ്മയോടു ചേർന്നു നിന്നു  . എന്നെ ചേർത്തണച്ചുകൊണ്ട്‌  .ചെവിയിൽ നിഷ്ക്കളങ്കമായി മന്ത്രിച്ചു " സങ്കടങ്ങൾ വരുമ്പോഴൊക്കെ മറ്റാരോടും പറയാതെ ഈശ്ശോയോടു മാത്രം പറഞ്ഞാൽ മതി" പിന്നെ കൈയ്യിലിരുന്ന ജപമാല എന്റെ കുഞ്ഞികൈകളിൽ വച്ചുകൊണ്ട്‌ പറഞ്ഞു"പ്രാർത്ഥിക്കണം മാതാവിനോട്‌,ഈശ്ശോയുടെ അമ്മ നമ്മുടെയും".
                         നിരന്തരവും ,നിശ്ശബ്ദവുമായ  പ്രാർത്ഥനയിലൂടെ നേടിയെടുക്കുന്ന ആത്മീകശക്തിയാണ്‌ ജീവിതയാത്രക്കിടയിലുണ്ടാകാൻ സാധ്യതയുള്ള പ്രലോഭനങ്ങളെ,പരീക്ഷണങ്ങളെ സഹനങ്ങളെ കിഴടക്കുവാനുള്ള ആയുധമെന്ന് അമ്മയിൽ നിന്നും ഞാൻ മനസ്സിലാക്കി..   മാത്രമല്ല ഒൻപതു മക്കളെ വളർത്തിയ അമ്മയുടേയും അന്നുണ്ടായിരുന്ന പല അമ്മമാരുടേയും ആയുധം ഈ ശക്തിതന്നെയായിരുന്നു എന്നു ഞാൻ ഓർക്കുന്നു
        ഭർത്താവ്‌ ,വീട്ടുകാർ ,മക്കൾ ,വർഷങ്ങളോളം  എന്റെ ലോകത്ത്‌ ഇവരൊക്കെ മാത്രം ..
അമ്മയോടുള്ള സ്നേഹം ,വല്ലപ്പോഴുമുള്ള ഒരു ഫോൺ കോൾ, അല്ലെങ്കിൽ  ഒരു സന്ദർശ്ശനം അതിൽ  ഒതുക്കി .
ഞാൻ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ കരുതിയിരുന്നവരും  സ്വയം  പറക്കാൻ പ്രാപ്ത്രായപ്പോൾ സ്വന്തം കൂടുകളിലേക്ക്‌ ചേക്കേറി.ഇന്ന് ഏകാന്തതയുടെ കൂട്ടിലിരുന്ന് കഴിഞ്ഞ പോയ വഴികളിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ,ഇതുവരെയുള്ള ജീവിത  യാത്രയിൽ    എന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്നവർ  ആരായിരുന്നു ?.എന്റെ മാതാപിതാക്കൾ  -
ആരെയാണ്‌ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്‌ തീർച്ചയായും  എന്റെ മക്കളെ.
സ്നേഹം താഴേക്കെ ഒഴുകു.പ്രകൃതി നിയമമതാണ്‌.  ചിലരുടെ  വളർച്ചക്ക്‌  മറ്റുചിലരെ  കുറെക്കാലത്തേക്കെങ്കിലും മറന്നേ പറ്റൂ....അങ്ങനെയൊക്കെ ഓർത്ത്‌ സമാധാനിക്കാം. പക്ഷേ ജീവിതത്തിലെ തിരക്കുകളൊക്കെ കഴിഞ്ഞുവരുമ്പോഴേക്കും നമ്മളെ ജീവനുതുല്യം സ്നേഹിച്ചിരുന്നവർ  വെറും ഓർമ്മകൾ മാത്രമായി  മാറിയിട്ടുണ്ടാകും.  
           സ്നേഹിക്കുന്നവരിൽ നിന്നും സ്നേഹം തിരിച്ചു കിട്ടാനാഗ്രഹികാത്തവരില്ല.തിരിച്ചുകിട്ടാത്ത സ്നേഹം ഒരുവേദന തന്നെയാണ്‌ .ചിരിയിലൊളിപ്പിച്ച വേദനയോടെ  ഒരു പക്ഷെ  എല്ലാ അമ്മമാരേയും പോലെ   അമ്മയും ആഗ്രഹിച്ചിട്ടുണ്ടാകും, മക്കളുടെ   സ്നേഹം ,കരുതൽ,സ്നേഹസൂചകമായ സമ്മാനങ്ങൾ.ഒന്നും മനസ്സിലാക്കാൻ  അന്ന് സാധിച്ചിട്ടില്ല.അല്ലെങ്കിലും ജീവിതം അങ്ങനെയാണ്‌.ജീവിതസത്യങ്ങൾ പലതും മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം തീരാറായിട്ടുണ്ടാകും.    അമ്മേ അടുത്തജന്മത്തിലെങ്കിലും......

No comments:

Post a Comment