Monday, January 25, 2010

പ്രകൃതി നല്‍കുന്ന പാഠം



               മനുഷ്യനെ നന്‍മയിലേക്ക്‌ നയിക്കുന്നവരെല്ലാം മഹാത്മാക്കളാണ്‌.,ഗുരുക്കന്‍മാരും,നല്ല സുഹൃത്തുക്കളുമൊക്കെ അവരില്‍ പ്പെടും. ജീവിത യാത്രയില്‍ പലപ്പോഴും അവര്‍ വഴികാട്ടികളായി തീരാറുണ്ട്‌   .  ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പ്രാധാന്യം ജീവിതം തന്നെ നേടിയെടുക്കുന്നതാണ്‌.നേടുന്നതും നഷ്ടപ്പെടുത്തുന്നതും നമ്മള്‍ തന്നെ.ഭൌതീകമായി വലിയ നേട്ടങ്ങലൊന്നും ഉണ്ടാക്കാതെതന്നെ ഇവിടെ സംതൃപ്തരായി ജീവിച്ച്‌ കടന്നു പോകുന്നവരും,കടന്നു പോയവരും ഉണ്ട്‌. ആത്മീയ ജ്ഞാനത്തില്‍നിന്നുരുത്തിരിഞ്ഞു വന്ന നിദാന്തമായ ഹൃദയാഹ്ളാദത്തിണ്റ്റെ പൊങ്കിരണങ്ങള്‍ നമ്മിലേക്കു പകരാന്‍ ശ്രമിച്ചിട്ടുമുണ്ട്‌.
                                                  പ്രകൃതിയുടെ  സൌന്ദര്യാനുഭൂതിയിലേക്ക്‌ എന്നെ ആദ്യമായി കൈപിടിച്ചു നടത്തിയത്‌ നിത്യചൈതന്യയതിയുടെ സാഹിത്യകൃതികളാണ്‌. കൌമാരത്തില്‍നിന്നും യൌവനത്തിലെത്തിയപ്പോഴും,പിന്നെയിപ്പോള്‍ വാര്‍ദ്ധക്യത്തിണ്റ്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴും പ്രകൃതിദര്‍ശനത്തില്‍, ആദ്യാനുഭൂതിതന്നെ.പാപകരവും ദോഷകരവുമല്ലാത്ത ഒരു തരം അനുഭൂതി. സന്തോഷവും , സങ്കടവും വിഹ്വലതകളും പങ്കിടനാവാതെ ഒറ്റപ്പെട്ടിരിക്കുന്ന അവസരങ്ങളിലൊക്കെ പ്രകൃതിതന്നെയാണ്‌ എന്നും എനിക്കാശ്വാസവും അഭയവും. ആ പ്രകൃതി വര്‍ണ്ണന മനസ്സിലിപ്പോഴും പച്ചപിടിച്ചു നില്‍ ക്കുന്നു."എത്ര നോക്കി നിന്നാലും നാമ്പ്‌ വരുന്നത്‌ എങ്ങനെയെന്ന്‌ കാണാനാവുകയില്ല.ഇലച്ചാര്‍ത്തു വന്നു കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുകുഞ്ഞു പൂമൊട്ടുകള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടും.ചിലപ്പോള്‍ ഒറ്റയ്ക്ക്‌,ചിലപ്പോള്‍ കുലയായി.നാം ശാന്തമായി കിടന്നുറങ്ങുമ്പോഴും പൂമരങ്ങളും പൂച്ചെടികളും പ്രഭാതസൂര്യനെ സ്വപ്നം കാണുകയാണ്‌.പ്രഭാതത്തിലെ ആദ്യത്തെ ആലോലവായു വരുമ്പോള്‍ തന്നെ വിടരാന്‍ കാത്തു നില്‍ ക്കുന്ന പൂക്കള്‍.ഓരോ പൂവ്‌ വിടരുന്നതും ഒരോ ഹൃദ്യമായ മന്ദഹാസം പോലെയാണ്‌.എന്നാല്‍ അവ പൊട്ടിച്ചിരിക്കുകയല്ല.മലകളുടെ മുകളില്‍കൂടി മഞ്ഞുകയറിവന്ന്‌ ഇലകളിലും പുഷ്പദലങ്ങളിലും വെണ്‍മയുള്ള തുഷാരബിന്ദുക്കള്‍ പതിപ്പിച്ചുപോകുന്നത്‌ഒരു ഉദോഗവും ഇല്ലാതെയാണ്‌,.
                                                                        
                                                           പ്രകൃതിയുടെ ഓരോ ശൈലിയും അത്രയ്ക്ക്‌ ശാന്തമാണ്‌. എല്ലാറ്റിനും പ്രകൃതിക്കു വേണ്ടുവോളം സമയമുണ്ട്‌. പൂവ്‌ വിരിയുന്ന കാര്യത്തിലും.കൂമ്പുന്ന കാര്യത്തിലുമെല്ലാം കൃത്യമായ സമയ നിഷ്ഠയുണ്ട്‌.അതുപോലെ തന്നെയാണ്‌ ഋതുക്കള്‍ വരുന്നതും.ശിശിരം കഴിഞ്ഞാല്‍ വസന്തം വരും. വസന്തം എത്രതന്നെ ആഹ്ളാദകാരിയാണെങ്കിലും ഓരോ വസന്തത്തിനുമറിയാംഇനി പൂക്കളില്‍ നിന്നും പഴങ്ങളും ബീജങ്ങളും വേണ്ട സമയമാണെന്ന്‌..ഉച്ച വെയിലില്‍ ശാന്തമായി സമീരണന്‍ വന്ന്‌ പൂവിന്‍ ദളങ്ങളെ,വേദനിപ്പിക്കാതെ തന്നെ അടര്‍ത്തി കാറ്റില്‍ പറത്തുന്നു.പിന്നെ പൂക്കളും വഹിച്ചു നില്‍ ക്കുന്ന ചെടികള്‍ അമ്മയെപ്പോലെയാണ്‌.ഗര്‍ഭത്തിലിരിക്കുന്ന അടുത്ത തലമുറയെക്കൊണ്ടു വരാന്‍ ചൂടു വേണം.ശരത്ക്കാലം വരും.വര്‍ഷം വരുന്നതിനു മുന്‍പ്‌വിളവെടുപ്പ്‌ കാലമാകും.പിന്നെ വിത്തുകളെല്ലാം പുനരാവിര്‍ഭാവത്തിനു തയ്യാറാകുമ്പോഴേക്കും കടലില്‍നിന്നും കറുത്ത മഴ മേഘങ്ങള്‍ ആകാശത്തേക്കുയരും. അപ്പോള്‍ മാത്രമെ പ്രകൃതി മൌനം ഭഞ്ജിക്കാറുള്ളു. ലോകം അറിയണം, ആകാശത്തുനിന്നും കൃപാരസം വരുന്നുണ്ടെന്ന്‌.ഭൂമിക്കു ജീവന്‍ പ്രധാനം ചെയ്യുന്ന സമയമാണിത്‌. ഭൂമിക്കും വേണം വിശ്രമം. ഹേമന്തം വരുമ്പോഴേക്കും ഇലയില്ല, പൂവില്ല,കായില്ല,ആത്മാവിലെന്നപോലെ വൃക്ഷലതാദികള്‍ നഗ്നമായി നില്‍ ക്കും. ഇത്‌ മനുഷ്യനു നല്‍കുന്ന മൌനത്തില്‍ കൂടിയുള്ള ഒരു സാധക പാഠമാണ്‌. " .
                                                            
                                              പ്രപഞ്ച     പദ്ധതിയില്‍ നമുക്കോരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ടെന്നും,ആ നിയോഗങ്ങള്‍ ശാന്തതയോടെ, അപരനെ അലോസരപ്പെടുത്താതെ നിര്‍വ്വഹിക്കണമെന്നും പ്രകൃതി നമ്മെ പഠിപ്പിക്കുന്നു.പ്രപഞ്ചസത്യങ്ങളെ മാറ്റി മ    റിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പ്രകൃതിയെ നിശ്ശബ്ദമായി ആരാധനയോടെ നോക്കിക്കാണുന്ന  ഒരാള്‍ ക്കു    മാത്രമെ        പ്രപഞ്ചപാഠങ്ങളെ ഉള്‍ ക്കൊള്ളുവാനും,അത്‌ സ്വജീവിതത്തിലേക്ക്‌ പര്‍ത്തുവാനും സാധിക്കുകയുള്ളു

No comments:

Post a Comment