Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, January 29, 2010

സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍ ബന്ധിക്കപ്പെട്ടവര്‍


അന്‍പതു വര്‍ഷങ്ങള്‍ക്ക്മുന്‍പു മധ്യതിരുവതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിണ്റ്റെ കഥയാണിത്‌.അവരുടെ ജീവിത ശൈലികളും ജീവിത വീക്ഷണങ്ങളും നമ്മെ അത്ഭുതപ്പെടുത്തും.തീര്‍ച്ച. തലമുറകളായി കൈമാറി വന്ന ആ ജീവിതശൈലി നമുക്ക്‌ കൈമോശം വന്നത്‌ എന്നുമുതല്‍ക്കാണ്‌?.
                                   ചിന്തിക്കൂ.. അടുത്ത തലമുറക്ക്‌ പര്‍ന്നു കൊടുക്കാന്‍ ശ്രേഷ്ഠമായതെന്താണ്‌ നമുക്കള്ളത്‌?
  സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍   ബന്ധിക്കപ്പെട്ടവര്‍

 യാള്‍ അവളെ തണ്റ്റെ ജീവിതത്തിണ്റ്റെ തണലിലേക്ക്‌ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പതിനാറ്‌.'     അബ്രഹാമിനു സാറ' യെന്നപോലെ ദൈവം തനിക്കു തെരെഞ്ഞെടുത്തു തന്ന സഖിയെ അയാള്‍ ജീവനു തുല്യം സ്നേഹിച്ചു.     പുരുഷണ്റ്റെ സ്നേഹം ലഭിച്ചാല്‍ സ്ത്രീ മാലാഖയായി തീരുമെന്ന്‌ അവള്‍ തെളിയിച്ചു.
              
                                  പഠിപ്പോ,പണമോ വേണ്ടത്ര ഇല്ലാത്തവര്‍, പിതൃസ്വത്തായി കിട്ടിയ അരയേക്കര്‍ തരിശു ഭൂമി,ഒരു മൊട്ടക്കുന്ന്‌,അതിണ്റ്റെ നെറുകയില്‍ അവര്‍ ഒരു കുടില്‍ കെട്ടി..നിലാവു പൂത്തിറങ്ങുന്ന രാത്രികളില്‍ ആ കുടിലിണ്റ്റെ മുറ്റത്തിരുന്ന്‌ അവര്‍ സ്വപ്നങ്ങള്‍ നെയ്തു.കുടിലിണ്റ്റെ സ്ഥാനത്ത്‌ മനോഹരമായ ഒരു കൊച്ചു വീട്‌,അതില്‍ നിറയെ മക്കള്‍,പൊന്നുവിളയുന്ന മണ്ണ്‌.തീര്‍ന്നു അവരുടെ കൊച്ചുസ്വപ്നങ്ങള്‍.
                    
                         കാലം കുത്തിയൊഴുകി , ഒരുമലവെള്ളച്ചാട്ടം പോലെ .ആ കാലപ്രവാഹത്തില്‍ അവരുടെ കൊച്ചു കൊച്ചു മോഹങ്ങളും പൂവണിഞ്ഞു. മനോഹരവും ,വൃത്തിയുള്ളതുമായ ഒരു കൊച്ചു വീടും ,ഒന്‍പതുമക്കളേയും,കനാനന്‍ ദേശത്തിനു തുല്യമായ മണ്ണും,നല്‍കിയനുഗ്രഹിച്ച ദൈവത്തിനു അവര്‍ നന്ദി പറഞ്ഞു. മക്കളെല്ലാം പഠനത്തില്‍ സമര്‍ത്ഥര്‍.ഒഴിവുസമയങ്ങളില്‍ മുതിന്ന ആണ്‍ മക്കള്‍ പറമ്പിലിറങ്ങി അപ്പനെസഹായിച്ചും പെണ്‍ മക്കള്‍ അടുക്കളയില്‍ അമ്മയെ സഹായിച്ചും,ഇളയ സഹോദരങ്ങളെ പരിചരിച്ചും ജീവിച്ചു.അദ്ധ്വാനത്തിണ്റ്റെ വില അവര്‍ കണ്ടറിഞ്ഞു,കൊണ്ടറിഞ്ഞു. കന്നുകാലികാലികളും,ആടുമാടുകളും കുടുംബത്തിണ്റ്റെ ഭാഗമായതോടെ വരുമാനം വര്‍ദ്ധിച്ചു
                           പണികഴിഞ്ഞ്‌, ദൂരെ നിന്ന്‌ വരുന്ന അപ്പനെ കാണുമ്പോള്‍ ഉത്സാഹത്തോടെ അമ്മപറയും 'മക്കളെ അപ്പന്‍ വരുന്നുണ്ട്‌ '.എന്നിട്ട്‌ അതിവിശിഷ്ഠനായ ഒരഥിയുടെ ആഗമത്തിലെന്നപോലെ തെല്ലൊരു ഒരുക്കത്തോടെ കാത്തുനില്‍ക്കും.ആഹാരം വിളമ്പുമ്പോള്‍ ദിവ്യമായൊരനുഷ്ഠാനം പോലെ ആദ്യത്തെ ഒരു തവി ചോറ്‌ അപ്പണ്റ്റെ പാത്രത്തില്‍ വിളമ്പും.കുടുംബംനോക്കാനുള്ള അമ്മയുടെ 'പിടിപ്പിനെ'ക്കുറിച്ച്‌ അപ്പന്‍ അഭിമാനം കൊള്ളുന്നതും അഭിനന്ദിക്കുന്നതും മക്കള്‍ കണ്ടും കേട്ടും വളര്‍ന്നു . അവര്‍ പരസ്പരം നല്‍കുന്ന ഈ അംഗീകാരം മാതാപിതാക്കള്‍ കാണപ്പെടുന്ന ദൈവങ്ങളാണെന്ന ചിന്തയിലേക്ക്‌ മക്കളെ കൊണ്ടെത്തിച്ചു.കുടുംബകാര്യങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്നാലോചിച്ചു.ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു.തെറ്റുകള്‍ പരസ്പരം ചൂണ്ടിക്കാട്ടിയും ശരികള്‍ അംഗീകരിച്ചും ജീവിച്ചു അവരവര്‍ക്കുചെയ്യവുന്നകാര്യങ്ങള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ കൂട്ടായിട്ടും ചെയ്തു .അവിടെ പരാതിയില്ല,കുറ്റപ്പെടുത്തലുകളില്ല.
       പത്തു മാസം ചുമന്ന്‌ നൊന്തു പെറ്റതിണ്റ്റെ കണക്ക്‌ അമ്മ മക്കളോട്‌ പറഞ്ഞിട്ടില്ല.മുണ്ട്‌ മുറുക്കിയുടുത്ത്‌ മക്കളെ വളര്‍ത്തിയ കഥ അപ്പനും പറഞ്ഞില്ല. ആ കുടുംബത്തില്‍ എല്ലാവര്‍ക്കൂം ഒന്നു പോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭാഷ ഉണ്ടായിരുന്നു.സ്നേഹത്തിണ്റ്റെ ,ത്യാഗത്തിണ്റ്റെ, ഉത്സാഹത്തിണ്റ്റെ ഭാഷ.സ്നേഹത്തിണ്റ്റെ പൊന്നൂലിനാല്‍ അവര്‍ ബന്ധിതരായിരുന്നു. അത്‌ പൊട്ടിച്ചെറിയാന്‍ അവാരും ആഗ്രഹിച്ചതുമില്ല .ആ വീട്ടിലെ പെണ്‍ മക്കളെ ആരും പീഢിപ്പിച്ചില്ല,ആണ്‍ മക്കള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടതുമില്ല .ആരും അനീതിക്കെതിരെ ഇങ്ക്‌ ലാബ്‌ വിളിച്ച്‌ തെരുവിലൂടെ നടന്നില്ല.(എല്ലാവരും നീതിപൂര്‍വ്വം ജീവിച്ചാല്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട ആവശ്യമില്ലല്ലോ ?)
                          ആഗ്രാമത്തിലുള്ളവരെ സഹായിക്കാനും അവര്‍ മറന്നില്ല.സ്ത്രീകള്‍ അമ്മയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു"എണ്റ്റെ പ്രസവ സമയത്ത്‌ ഓടിയെത്താന്‍ ആ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു..എണ്റ്റെ മകളുടെ വിവാഹത്തിന്‌ അവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍............... ആ ഗ്രാമത്തിലെ ഏറ്റവും വലിയ വിദ്യാ സമ്പന്നരുടെ മാതാപിതാക്കളായി ,ആരോഗ്യത്തോട്‌ അയാള്‍ എണ്‍പത്തിയഞ്ച്ചും ,അവര്‍ തൊണ്ണൂറ്റിരണ്ടും വയസ്സു വരെ ജീവിച്ചു.
ഇന്ന്‌ സമ്പന്നതയുടെ ഉത്തുംഗശ്രിംഖത്തിലിരുന്ന്‌ പിന്നിലേക്കു നോക്കുമ്പോള്‍ ,ഓര്‍മ്മകളില്‍ കിഴക്കന്‍ മലകളെ തഴുകി വരുന്ന കുഞ്ഞിളം കാറ്റിന്‌ മണ്ണിണ്റ്റേയും വിയര്‍പ്പിണ്റ്റേയും ഗന്ധം. അത്‌ ,അവരുടെ ഒന്‍പതാമത്തെ മകളായി ജനിച്ചതിലുള്ള അഭിമാനത്തിലേക്കുംഒരിക്കലും തീരാത്ത ആനന്ദത്തിലേക്കും എന്നെകൂട്ടികൊണ്ടു പോകാറുണ്ട്‌.

Wednesday, April 29, 2009

ഹൃദയത്തിലെ സംഗീതം





                                മ്മാമ്മയോടൊത്തുള്ള ആ ഒരാഴ്ചത്തെ ജീവിതം അതുവരെയുണ്ടായിരുന്ന എണ്റ്റെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുകതന്നെ ചെയ്യ്തു. ഈ മഹാനഗരത്തില്‍നിന്നും മനോഹരമായ ആ കൊച്ചു ഗ്രാമത്തില്‍ ഞാനെത്തുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. സന്ധ്യാപ്രര്‍ഥനക്കുള്ള ഒരുക്കത്തിലായിരുന്നു,അമ്മാമ്മയപ്പോള്‍.ഭിത്തിയില്‍ നിരന്നിരുന്ന വിശുദ്ധന്‍മാരുടെയിടയിലിരുന്ന്‌ അപ്പാപ്പന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. മുറിയില്‍ കത്തിയെരിയുന്ന മെഴുകുതിരി. എങ്ങും ഒരു ദേവാലയത്തിണ്റ്റെ പവിത്രത.
                      പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ അമ്മാമ്മയെക്കുറിച്ചു മാത്രമായിരുന്നു.വിദേശത്തേക്കു ചേക്കേറിയ തണ്റ്റെ ഏഴുമക്കളെക്കുറിച്ചും അഭിമാനം കൊള്ളുന്ന അമ്മാമ്മക്ക്‌,ആരോടും പരാതിയോ പരിഭവമോയില്ല.മൂന്നരവര്‍ഷം മുന്‍പു വരെ അപ്പാപ്പന്‍ കൂട്ടിനുണ്ടായിരുന്നു.
                        
                                പാതിതുറന്നിട്ട ജന്നാലയിലൂടെ പുറത്തേക്കുനോക്കി കിടന്നു ഞാന്‍.ഇരുളിലൂടൊഴുകിയെത്തുന്ന കാറ്റിന്‌ പാലപ്പൂവിണ്റ്റെ സുഗന്ധം എവിടെ നിന്നോ ചീവിടുകളുടെ സംഗീതം. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.
                    മുറ്റത്ത്‌ പക്ഷികളുടെ ചിറകടിശബ്ദം കേട്ടാണ്‌ രാവിലെ ഉണര്‍ന്നത്‌.പവിത്രമായ ഒരനുഷ്ഠാനം പോലെ, കൂട്ടത്തോടെ പറന്നു വന്ന പ്രാവുകള്‍ക്ക്‌ ഗോതമ്പുമണികള്‍ നല്‍കുന്ന തിരക്കിലായിരുന്നു അമ്മാമ്മയപ്പോള്‍.സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന ആത്മാക്കളെയെന്ന പോലെ അമ്മാമ്മ അവയെ ബഹുമാനത്തേടെ നോക്കി നിന്നു.. അതില്‍ അപ്പാപ്പണ്റ്റെ ആത്മാവിനെ തിരയുന്നതിനിടയിലാണ്‌ ഞാനാകാഴ്ച കണ്ടത്‌അമ്മാമ്മയെ മുട്ടിയുരുമ്മി നില്‍ക്കുന്ന അമ്മുവും അവളുടെ മക്കളും.സുന്ദരി പൂച്ചക്കുട്ടികള്‍!എന്താ അമ്മു രാവിലെ വിശക്കുന്നോ?" എന്നിട്ട്‌ എന്നോടായി പറഞ്ഞു"പെറ്റ വയറല്ലേ ,വിശക്കുന്നുണ്ടാകും"അമ്മാമ്മ അടുക്കളയിലെക്കു നടക്കുമ്പോള്‍ മുറ്റത്തിണ്റ്റെ പടിഞ്ഞാറെ കോണില്‍നിന്നൊരു ദയനീയ ശബ്ദം.-ടിറ്റു -വളര്‍ത്തു നായ. അമ്മാമ്മ അവനെ നോക്കി പുഞ്ചിരിച്ചു.മുറ്റത്തെ തൈമാവിനോടും ,തൊടിയിലെ മുണ്ടന്‍പ്ളാവിനോടും കിന്നാരം പറഞ്ഞ്‌ സന്തോഷത്തോടെ,ഉത്സാഹത്തോടെ ഓടിനടക്കുന്ന അമ്മാമ്മയെ അത്ഭുതത്തോട്‌ നോക്കിക്കാണുകയായിരുന്നു ഞാന്‍ .
            പൂക്കളും പക്ഷികളും,മൃഗങ്ങളുമൊക്കെ ചേരുന്ന ഈ കൂട്ടായ്മ നല്‍കുന്ന ആനന്ദം,,പോയ കാലത്തിണ്റ്റെ മധുരമുള്ള ഓര്‍മ്മകള്‍,,ചിട്ടയായ ജീവിതരീതികള്‍ ഇതൊക്കെതന്നെയാണ്‌ അമ്മാമ്മയെ സന്തോഷവതിയാക്കുന്നത്‌. 

                           .മുറ്റത്തെ ചെത്തിയില്‍, നിറയെ കടും ചുവപ്പു നിറത്തിലുള്ള പൂക്കള്‍ .അവയുടെ ചില്ലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളികള്‍ സൂര്യണ്റ്റെ മഞ്ഞപ്രകാശത്തില്‍ വെട്ടിത്തിളങ്ങി.മെല്ലെ മെല്ലെ എണ്റ്റെ മനസ്സിലും ആഹാദത്തിണ്റ്റെ പൊന്‍ കിരണങ്ങള്‍ പടരാന്‍ തുടങ്ങി..ആ ദിവസം എന്നിലെ ആന്തരീകാഹ്ളാദത്തെ ആദ്യമായി ഞാന്‍ കണ്ടെത്തി.
                   നാം എവിടെയായിരുന്നാലും ചുറ്റുപാടുകളെന്തൊക്കെയായാലും അതിനിടയിലും ജീവിതം എങ്ങനെ മനോഹരമാക്കാമെന്ന്‌ ഞാന്‍ പഠിച്ചു കഴിഞ്ഞു..ജീവിതം നമുക്കു തരുന്ന നല്ല കാര്യങ്ങള്‍ ആസ്വദിക്കാന്‍ പഠിച്ചാല്‍ നമ്മിലുള്ള ഏകാന്തതേയും വേദനകളേയും നമ്മില്‍നിന്നകറ്റാന്‍ കഴിയും.. യഥാര്‍തഥത്തില്‍ ആന്തരീകമായി നാം എപ്പോഴും ഏകാന്തതയും ദുഃഖവും അനുഭവിക്കുന്നവരല്ലേ ?
         ഈ മഹാനഗരത്തിയപ്പോഴും മനസ്സില്‍ സംഗീതത്തിണ്റ്റെ അലയടികള്‍.ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എണ്റ്റെള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ സന്തോഷത്തിന്‌ കഴിയും തെളിഞ്ഞ നീലാകാശവും എണ്റ്റെ മൂന്നില്‍ കാണുന്ന  ഇളം വെയിലുമൊക്കെതരുന്ന ഈ സൌന്ദര്യം, ഈ സമാധാനം എണ്റ്റെ മനസ്സിലെ അസുഖകരമായ ചിന്തകളെ ഇല്ലാതാക്കും. ദുഃഖങ്ങള്‍ക്ക്‌ എണ്റ്റെ മനസ്സില്‍ ഇനിയും സ്ഥാനമില്ല. ഞാനുറപ്പിച്ചു കഴിഞ്ഞു

Wednesday, April 22, 2009

സ്നേഹത്തിന്റെ ചില അടയാളങ്ങള്‍


പോയകാലത്തിണ്റ്റെ വളഞ്ഞുനീണ്ടവഴിത്താരകള്‍ താണ്ടി ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ,ഒരിക്കല്‍ കൂടി അവരുടെ ബല്യത്തിലേക്കെത്തിച്ചത്‌,പുസ്തകത്താളില്‍ കോറിയിട്ടിരുന്ന ഏതാനും ചില വരികളാണ്‌. തിമിരം കയറിത്തുടങ്ങിയ കണ്ണുകള്‍ കൊണ്ട്‌ അവര്‍ വീണ്ടും വീണ്ടും ആ വരികള്‍ വായിച്ചു.

"ജീവിതത്തില്‍ സ്നേഹത്തിണ്റ്റെ ചില അടയാളങ്ങള്‍ക്ക്‌ നമ്മള്‍ കരുതുന്നതിനെക്കാള്‍കരുത്തുണ്ട്‌.തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയ കാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌. .ഒരു വാക്കിനും ഒരു തലോടലിനും ഒരു ചെറിയ സമ്മാനത്തിനുമൊക്കെ ഒരാളുടെജീവിതത്തില്‍ പകരാനാകുന്ന ഊര്‍ജ്ജം എത്ര വലുതാണ്‌.ഉറ്റവര്‍ നല്‍കുന്ന ഇത്തരം ചില കരുതലുകളല്ലേ ജീവിതത്തിലെ ചില പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക്‌ ബലം തരുന്നത്‌'

ഓര്‍മ്മകളുടെ പച്ചിപ്പിലേക്ക്‌ ആഴ്ന്നിറങ്ങിയ ടീച്ചര്‍ അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പ്രഭാതത്തിലേക്കാണ്‌ എത്തിച്ചേര്‍ന്നത്‌.. അവിടെ ഒരപ്പനും എട്ടുവയസ്സായ മകളും മാത്രം .മരച്ചീനി വിളയുന്ന നാട്‌, മദ്ധ്യതിരുവിതാകൂര്‍- ആദ്യത്തെ മഴയില്‍ കുതിര്‍ന്ന മണ്ണ്‌- കോഴികൂവുന്നതിനു മുന്‍പ്‌ പറമ്പിലേക്കിറങ്ങിയ അപ്പന്‌ 'ബെഡ്കോഫി'യുമായി പോകുകയാണവള്‍. മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന താഴ്‌വാരം. കുന്നിന്‍ മുകളില്‍ നിന്നും താഴേക്കിറങ്ങുന്ന അവള്‍ മണ്ണിനോട്‌ മല്ലിടുന്ന അപ്പനെ അങ്ങു ദൂരെ കണ്ടു. ചുറ്റും പക്ഷികളുടെ പ്രാര്‍ത്ഥനാഗാനം

"മനമേ പക്ഷിഗണങ്ങളിതാ പാടുന്നു ഗീതങ്ങള്‍

മനമേ നീയുമുണര്‍ന്നിട്ടേശു പരനേ പാടി സ്തുതിക്ക. "

അമ്മ അതിരാവിലെ പാടുന്ന പാട്ടിണ്റ്റെ ഈരടികള്‍ പാടിക്കൊണ്ട്‌ അപ്പനെ ലക്ഷ്യമാക്കി അവള്‍ കുന്നിറങ്ങുകയാണ്‌"മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോള്‍ അവള്‍ക്ക്‌ സങ്കടം വന്നുപോയി. മക്കള്‍ക്ക്‌ വയറുനിറയെ ആഹാരം നല്‍കാന്‍ പാടുപെടുകയാണവര്‍ .

ആവി പറക്കുന്ന കോപ്പയില്‍ നിന്നുയരുന്ന സുഗന്ധം ആവോളം ആസ്വദിച്ച്‌, അതിണ്റ്റെ ചൂടിലേക്ക്‌ ആശ്വാസത്തോടെ ഇറങ്ങിച്ചെല്ലാന്‍ അപ്പന്‍ ശ്രമിക്കുമ്പോള്‍ അവള്‍ വെളുത്ത അടിയുടുപ്പ്‌ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ വേരിളകി കിടന്നിരുന്ന പുല്ല്‌ ശ്രദ്ധയോടെ പെറുക്കിയെടുത്ത്‌ കുടഞ്ഞ്‌ ഒരു വശത്തേയ്ക്ക്മാറ്റിയിട്ടു. പിന്നെ അമ്മ ചെയ്യാറുള്ളതുപോലെ മരച്ചീനിത്തണ്ട്‌ ഒരേ അകലത്തില്‍ മുള മുകളിലേക്ക്‌ വരത്തക്ക വിധം നാട്ടാന്‍ തുടങ്ങി. അപ്പോഴേക്കും സൂര്യണ്റ്റെ മഞ്ഞപ്രകാശം പുകമഞ്ഞുപടലങ്ങളെ തഴുകി നീക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഉദയസൂര്യണ്റ്റെ കിരണങ്ങളേറ്റുചുവന്ന മുത്തോടെ അവള്‍ അപ്പനെ നോക്കി. ആകണ്ണുകളില്‍ സന്തോഷത്തിണ്റ്റെ തിളക്കം. അപ്പന്‍ അവളെ കെട്ടിപ്പിടിച്ചുകൊണ്ട്‌ അവളുടെ ചെവിയില്‍ മന്ത്രിച്ചു. ";എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള. "ഒരുള്‍പുളകത്തോടെ അവളുടെ കൊച്ചുമനസ്സ്‌ ആ സ്നേഹമന്ത്രം സ്വീകരിച്ച്‌ ഹൃദയത്തിണ്റ്റെ കോണില്‍ സൂക്ഷിച്ചുവച്ചു.പിന്നീടുള്ള ജീവിതയാത്രയില്‍ തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ എത്രയോ തവണ ആ മന്ത്രം അവള്‍ ഉരുവിട്ട്‌ മനസ്സിനെ ബലപ്പെടുത്തിയിരിക്കുന്നു ,എത്രയോ തവണ തണ്റ്റെ ശിഷ്യഗണങ്ങള്‍ക്ക്‌ ഈമന്ത്രം ഒതിക്കൊടുത്ത് അവരെആത്മവിശ്വാസത്തിണ്റ്റെതേരിലേറ്റി ജീവിതവിജയത്തിലെത്തിക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട്‌.

"എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള്‌" അന്നു രാത്രി അപ്പന്‍ അമ്മയോട്‌ പറയുന്നത്‌ അവള്‍ കേട്ടു . "പിന്നേയ്‌ നിണ്റ്റെ മോള്‌ നിന്നെപ്പോലെ തന്നെ ബഹു കേമിയ, പണിയെടുക്കാന്‍ നല്ല പ്രാപ്തിയാ,അപ്പോള്‍ അമ്മ പറഞ്ഞു "വടക്കേതിലെ അമ്മിണിടീച്ചര്‍ പറയുന്നതു കേട്ടു. അവള്‍ പഠിക്കാനും മിടുക്കിയണെന്ന്‌. തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു അപ്പോളവള്‍.ചന്ദ്രനോട്‌ ചേര്‍ന്നുനില്‍ക്കുന്ന ധ്രുവനക്ഷത്രത്തിന്‌ അന്ന്‌ പതിവിലേറെ തിളക്കം. അത്‌ അവളെ നോക്കി കണ്ണുചിമ്മിച്ചിരിച്ചു. അവള്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

അറുപതു വര്‍ഷങ്ങള്‍ ഒരു മലവെള്ളച്ചാട്ടം പോലെ തണ്റ്റെ മുന്നിലൂടെ കടന്നു പോയി.. മനുഷ്യണ്റ്റെ ജീവിതരീതിയിലും ചിന്താഗതിയി ലും എത്രയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ?ടീച്ചര്‍ തണ്റ്റെ ചിന്തകള്‍അല്‍പ്പനേരം ഒരു നെടുവീര്‍പ്പിലൊതുക്കി നിര്‍ത്തി. .

എന്നിട്ട്‌ അത്ഭുതത്തോടെ ഓര്‍ത്തു . സ്നേഹത്തിണ്റ്റെ സുഗന്ധം ജീവിതത്തിലുടനീളം സഹജീവികളിലേക്ക്‌ചൊരിയണമെങ്കില്‍ബാല്യത്തില്‍ തന്നെ അംഗീകാരവും, അഭിനന്ദനവും കുഞ്ഞുങ്ങള്‍ക്ക്‌നല്‍കണമെന്ന വലിയ മന: ശാസ്ത്രം തണ്റ്റെ മാതാപിതാക്കള്‍ക്ക്‌ ആരാണ്‌ പഠിപ്പിച്ചു കൊടുത്തത് ?മക്കളുടെ കൊച്ചു കൊച്ചു നേട്ടങ്ങളില്‍ പോലും അഭിമാനിക്കുന്നവര്‍, ഒരു പക്ഷെ അവര്‍ക്ക്‌ പരമ്പരാഗതമായി കിട്ടിയ സമ്പത്തായിരിക്കാം. ഇങ്ങനെ തലമുറകളായി പകര്‍ന്നുകിട്ടിയ ആശയാദര്‍ശങ്ങളും, പെരുമാറ്റ രീതികളും,ജീവിതശൈലികളും എങ്ങനെ ,എവിടെവച്ചാണുനമുക്കുനഷപ്പെട്ടത്‌?

ഓര്‍മ്മകളുടെ പൂന്തോപ്പില്‍നിന്നൂം ഉയര്‍ന്നുവന്ന ഒരിളംതെന്നല്‍ എഴുപതിനോടടുത്ത കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ഏഴുവയസ്സുകരിയാക്കി മാറ്റി . തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയകാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌